തന്നെത്തന്നെ മുഴുവൻ മനുഷ്യരുടെയും രക്ഷയ്ക്കായി അർപ്പിച്ച യേശുക്രിസ്തു വിശുദ്ധ കുർബാനയും പൗരോഹിത്യവും സ്ഥാപിച്ചതിന്റെ ഓർമദിവസമാണ് ഇന്ന്. പെസഹാവ്യാഴാഴ്ച ആചരിക്കുമ്പോൾ മനുഷ്യകുലത്തിനായി യേശു നടത്തിയ സ്വയംസമർപ്പണമാണു നമ്മുടെ ചിന്തകൾക്ക് വിഷയീഭവിക്കേണ്ടത്. മനുഷ്യരക്ഷയ്ക്കുവേണ്ടി സ്വയം ബലിയായി നല്കിയ യേശുക്രിസ്തു നല്കുന്ന സന്ദേശവും മാതൃകയും സർഗാത്മകമായ സമർപ്പണത്തിന്റേതാണ്. നിസംഗതയുടെ സ്ഥാനത്തു സക്രിയമായ അർപ്പണം. ഒട്ടും ബാക്കിവയ്ക്കാതെയുള്ള സമ്പൂർണമായ അർപ്പണം.
നീണ്ട നോമ്പിന്റെയും ഭക്താനുഷ്ഠാനങ്ങളുടെയും ഒടുവിലാണു ക്രൈസ്തവലോകം പെസഹാവ്യാഴത്തിലേക്കും തുടർന്നു ദൈവപുത്രന്റെ മഹത്ത്വപൂർണമായ ഉത്ഥാനത്തിലേക്കും എത്തുന്നത്. നോമ്പിനുള്ള ഒരുക്കമായി ആഗ്രഹാഭിലാഷങ്ങൾ മാറ്റിവച്ച് പീഡാനുഭവത്തിനു തയാറെടുക്കുന്നു. പീഡാനുഭവം മരണത്തിലേക്കും ഉത്ഥാനത്തിലേക്കും നയിക്കുന്നു. നോമ്പ് മാനസാന്തരത്തിന്റെ കൗദാശിക സാക്ഷ്യമാണെന്നാണു ഫ്രാൻസിസ് മാർപാപ്പ പറയുന്നത്. കർത്താവിലേക്കുള്ള മാനസാന്തരത്തിന്റെ അവസരമാണത്.
ദൈവത്തോടുള്ള സമാനത നിലനിർത്തേണ്ടത് കാര്യമായി പരിഗണിക്കാതെ തന്നെത്തന്നെ ശൂന്യനാക്കി ദാസൻ്റെ രൂപം സ്വീകരിച്ച് പരിപൂർണ്ണ മനുഷ്യനായി സ്ത്രീയിൽ നിന്ന് ജാതനായ പെസഹാ കുഞ്ഞാടായ ഈശോ പരസ്പരം പാദങ്ങൾ കഴുകുവാൻ ഈ ദിവസം നമ്മളോട് ആവശ്യപ്പെടുന്നു.
സ്നേഹത്തിൻ്റെയും സേവനത്തിൻ്റെയും മഹത്തായ മാതൃക ലോകത്തിനു പുതിയ ഉടമ്പടിയായി നൽകിയ പുണ്യദിനമായ ഇന്ന്, നാം ആയിരിക്കുന്ന കർമ്മമണ്ഡലങ്ങളിൽ പരസ്പരം പാദങ്ങൾ കഴുകി, സ്നേഹചുംബനങ്ങൾ നൽകി യഥാർത്ഥ സ്നേഹത്തിൻ്റെയും സേവനത്തിൻ്റെയും വിരുന്ന് മേശ ഒരുക്കാൻ ഈ പെസഹാ നമ്മെ എല്ലാവരെയും സജ്ജരാക്കട്ടേ എന്ന പ്രാർത്ഥനയോടെ എല്ലാ ക്നാനായ സഹോദരങ്ങൾക്കും UKKCA യുടെ പെസഹാ തിരുവത്താഴ ആശംസകൾ നേരുന്നു.
- യു. കെ. കെ. സി. എ സെൻട്രൽ കമ്മിറ്റി.