നാഗ്പൂർ അതിരൂപതയുടെ മെത്രാപ്പോലീത്തയും ക്നാനായ സമുദായത്തിൽ നിന്നുള്ള ആദ്യത്തെ മിഷനറി ബിഷപ്പുമായ റവ: ഡോ. മാർ അബ്രാഹം വിരുത്തക്കുളങ്ങര (75) ദിവംഗതനായി. ഇന്ന് പുലർച്ചെ ഡൽഹിയിൽ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്. ഹൃദയാഘാതമാണ് മരണ കാരണം. അദ്ദേഹത്തിൻ്റെ കബറടക്കം തിങ്കളാഴ്ച (23/04/18) ഉച്ചകഴിഞ്ഞു 3.30 -നു നാഗ്പൂർ കത്തീഡ്രലിൽ നടക്കും. ഭൗതിക ശരീരം ഇന്ന് വൈകിട്ട് നാഗ്പൂരിലേക്ക് കൊണ്ടുപോകും. മെത്രാൻ മാരുടെ സമ്മേളനത്തിൽ പങ്കെടുക്കാൻ ഡൽഹിയിൽ എത്തിയതായിരുന്നു. ഇന്ന് രാവിലെ തിരിച്ചു നാഗ്പൂർക്ക് പോകുവാൻ ഇരിക്കവേ ആണ് അദ്ദേഹം ഈ ലോകത്തോട് യാത്ര പറഞ്ഞിരിക്കുന്നത്.
കല്ലറ പുത്തന്‍പള്ളി ഇടവക വിരത്തക്കുളങ്ങര ലൂക്കോസ് – ത്രേസ്യാമ്മ ദമ്പതികളുടെ മകനായി 1943 ജൂണ്‍ 5 ന് ജനിച്ചു. 1969 ഒക്‌ടോബര്‍ 29 ന് ഇന്‍ഡോര്‍ രൂപതയ്‌ക്കുവേണ്ടി വൈദികനായി. 1977 ല്‍ ഇന്‍ഡോര്‍ രൂപത വിഭജിച്ച് ഖാണ്ഡുവ രൂപത രൂപീകരിച്ചപ്പോള്‍ 34-ാം വയസില്‍ ബിഷപ്പായി. ഈ സമയം ഇന്ത്യയില്‍ ഏറ്റവും പ്രായംകുറഞ്ഞ ബിഷപ്പായിരുന്നു അദ്ദേഹം. 1998 ഏപ്രില്‍ 22 ന് നാഗ്‌പൂർ ആര്‍ച്ച് ബിഷപ്പായി അദ്ദേഹം നിയമിതനായി.
ഖാണ്ഡുവാ രൂപതയുടെ സര്‍വ്വോന്മുഖമായ വളര്‍ച്ചയ്‌ക്ക് അദ്ദേഹം നിരവധി കാര്യങ്ങള്‍ ചെയ്‌തിട്ടുണ്ട്. അദ്ദേഹത്തിന്റെ ലാളിത്യവും വിനയവും ജന്മസിദ്ധമായ മുഖമുദ്രയാണ്. ചെറിയവരെന്നോ വലിയവരെന്നോ വ്യത്യാസമില്ലാതെ എല്ലാവരോടും ഒരുപോലെ പെരുമാറാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ഈ വര്‍ഷം വിരമിക്കാനിരിക്കെയാണ് ആകസ്‌മികമായി മരണം സംഭവിച്ചത്. 1986 സി.ബി.സി.ഐ.യുടെ യൂത്ത് കമ്മീഷന്‍ ചെയര്‍മാനായി. 2008 - ൽ ജീസസ് യൂത്തിൻ്റെ ദേശീയ ഉപദേഷ്‌ടാവായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കഴിഞ്ഞവര്‍ഷം അദ്ദേഹത്തെ മാര്‍പാപ്പ ജീസസ് യൂത്തിൻ്റെ അന്താരാഷ്‌ട്ര ഉപദേഷ്‌ടാവായി നിയമിച്ചിരുന്നു.
എബ്രഹാം വിരുത്തക്കുളങ്ങരയുടെ ആകസ്‌മിക വേര്‍പാട് കത്തോലിക്കാ സഭയ്‌ക്ക് കനത്ത നഷ്‌ടമായി. 34-ാം വയസില്‍ ബിഷപ്പായി നിയമിതനായ മാര്‍ വിരുത്തക്കുളങ്ങര മിഷനറി മേഖലയില്‍ ചെയ്‌ത സേവനങ്ങള്‍ വിലപ്പെട്ടതാണ്. എപ്പോഴും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കുവേണ്ടി തൻ്റെ സേവനം മാറ്റിവച്ചിരുന്ന അദ്ദേഹം മരണത്തിൻ്റെ തലേദിവസവും നീതിക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ പങ്കെടുത്തശേഷമാണ് നമ്മില്‍ നിന്ന് വേര്‍പിരിഞ്ഞത്. ജമ്മുകാശ്‌മീരില്‍ മാനഭംഗപ്പെടുത്തിയശേഷം കൊലചെയ്യപ്പെട്ട എട്ട് വയസ്സുകാരിയുടെ കുടുംബത്തിന് നീതി നടപ്പാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഉത്തരേന്ത്യയിലെ 30 ബിഷപ്പുമാര്‍ ഡല്‍ഹിയിലെ തിരുഹൃദയ കത്തീഡ്രലിനുമുന്നില്‍ തിരിതെളിച്ച് പ്രതിഷേധിച്ചിരുന്നു. അതില്‍ പങ്കെടുത്തശേഷം ഡല്‍ഹിയില്‍ താമസിച്ച് വ്യാഴാഴ്‌ച വെളുപ്പിന് നാഗ്‌പൂരിലേയ്‌ക്ക് പോകാനായി ഡ്രൈവര്‍ വിളിച്ചപ്പോഴാണ് അദ്ദേഹത്തെ മരിച്ചനിലയില്‍ കണ്ടത്.
സഭയെയും ക്‌നാനായ സമുദായത്തെയും സവിശേഷമായി സ്‌നേഹിക്കുകയും പരിഗണിക്കുകയും ചെയ്‌തിരുന്ന ഇടയശ്രേഷ്‌ഠനായിരുന്നു മാര്‍ എബ്രാഹം വിരുത്തക്കുളങ്ങര പിതാവെന്ന് കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് അനുസ്മരിച്ചു.
ക്‌നാനായ സമുദായത്തില്‍ നിന്നുള്ള ആദ്യ ആര്‍ച്ചുബിഷപ്പായ വിരുത്തക്കുളങ്ങര പിതാവ് സഭയ്‌ക്കും സമുദായത്തിനും ചെയ്‌ത സേവനങ്ങളെ നന്ദിയോടെ അനുസ്‌മരിക്കുന്നു. ആഴമായ ദൈവവിശ്വാസത്തിലും പ്രാര്‍ത്ഥനാ ചൈതന്യത്തിലും അടിയുറച്ച് ജീവിച്ച പിതാവിൻ്റെ ലളിത ജീവിത ശൈലിയും അജപാലന തീഷ്‌ണതയും ഏറെ ശ്രദ്ധേയമായിരുന്നു. ഭാരതസഭയുടെ എല്ലാ ശുശ്രൂഷാ മേഖലകളിലും അദ്ദേഹം സജീവസാന്നിദ്ധ്യമായിരുന്നു. മാതൃരൂപതയായ കോട്ടയം അതിരൂപതയോടും പിതാക്കന്‍മാരോടും വൈദികരോടും സന്യസ്‌തരോടുമെല്ലാം അദ്ദേഹം സവിശേഷമായ ബന്ധം പുലര്‍ത്തിയിരുന്നു.
അദ്ദേഹത്തിന്‍െറ ദേഹവിയോഗത്തില്‍ യു. കെ ക്നാനായ സമൂഹത്തിൻ്റെ പേരിലുള്ള അനുശോചനം UKKCA സെൻട്രൽ കമ്മിറ്റി രേഖപ്പെടുത്തുന്നു.
- യു. കെ. കെ. സി. എ സെൻട്രൽ കമ്മിറ്റി.