കലയിലൂടെ കൺവെൻഷൻ
യൂറോപ്പിലെ ഏറ്റവും വലിയ പ്രവാസി സംഘടനയായ യു.കെ.കെ.സി.എ. തന്റെ പ്രയാണമാരംഭിച്ചിട്ട് ദശാബ്ദങ്ങള്‍ കഴിഞ്ഞു. തനിമയും ഒരുമയും നിറഞ്ഞ ദൈവംതന്നെ തിരഞ്ഞെടുത്ത ഈ ജനതയെ ഒരു കുടക്കീഴിലാക്കി ചരിത്രത്താളുകളിലേക്ക് നിരത്താന്‍ പ്രബുദ്ധരായ ഒരുപിടി കലാകാരന്മാരും, കലാകാരികളുംഎന്നേ തയ്യാറെടുപ്പുകള്‍ തുടങ്ങിക്കഴിഞ്ഞു. യു.കെ.യില്‍ അങ്ങോളമിങ്ങളമുള്ള 51 യൂണിറ്റുകളിലെ കലാകാരന്മാരും, കലാകാരികളും നിറഞ്ഞാടാന്‍ പോകുന്ന കലാസന്ധ്യയെ ഓരോവര്‍ഷവും പുതുമയാര്‍ന്ന ആശയങ്ങളുടെ ദൃശ്യാവിഷ്‌ക്കാരം തീര്‍ക്കാന്‍ പ്രായഭേദമെന്യേ ഒരുമിക്കുമ്പോള്‍ കാണികളുടെ കണ്ണിനും കാതിനും ഇമ്പമാര്‍ന്ന വിഭവങ്ങള്‍ സ്റ്റേജില്‍ തകര്‍ത്താടും. മനുഷ്യമനസ്സിനെ ഒരുതരം മാസ്മരികതയിലേക്ക് നയിച്ച് ഹൃദയങ്ങളുടെ ആഴങ്ങളിലേക്ക് ഊളിയിട്ടിറങ്ങുവാന്‍ ഓരോ കലാകാരനും കലാകാരിയും തങ്ങളുടെ കഴിവുകളുടെ പാരമ്യതയിലേക്കെത്താന്‍ മത്സരിക്കുന്ന കാഴ്ചകളാകും നിങ്ങളെത്തേടിയെത്തുക. കയ്യും, മെയ്യും മറന്നുള്ള ചടുലനൃത്തങ്ങളും കണ്ഠനാളങ്ങളില്‍ നിന്നുമുള്ള സ്വര്‍ഗ്ഗീയനാദങ്ങളും അനിര്‍വചനീയമായ ഭാവങ്ങള്‍ കണ്ണിലൊളിപ്പിച്ച വേഷപ്പകര്‍ച്ചകളും ഒരു ദൃശ്യവിരുന്നായി നിങ്ങള്‍ക്കു ലഭിച്ചേക്കാം. 2018 ജൂലൈ 7-ാം തീയതി ചെല്‍ട്ടന്‍ഹാമില്‍ വച്ചുനടക്കുന്ന 17-ാമത് യു.കെ.കെ.സി.എ. കണ്‍വന്‍ഷന്‍ വേദിയില്‍ നടക്കുന്ന ഈ ദൃശ്യശ്രവണകലാമാമാങ്കം നിങ്ങളുടെ ജീവിതത്തിലെ അവിസ്മരണീയ സംഭവമായി ഹൃദയത്തില്‍ സൂക്ഷിക്കുവാനും ഓര്‍ത്തോര്‍ത്തയവിറക്കാനും കാരണഭൂതമാകും.
ഈ കലാതീർദ്ധം അനുവാചകരിലേക്ക് യഥാവിധം സന്നിവേശിപ്പിക്കുവാന്‍ ഒരു കൂട്ടം കലാകാരന്മാരാണ് അണിയറയില്‍ പ്രവര്‍ത്തിക്കുക എന്നുള്ളത് ഏറെ ശ്രദ്ധേയമാണ്. സെന്‍ട്രല്‍ കമ്മറ്റിയംഗം സണ്ണി ജോസഫ് രാഗമാലികക്കൊപ്പം ജോണ്‍ മുളയെങ്കില്‍, സോജന്‍ തോമസ്, ടെസ്സി മാവേലി, സ്മിതാ ബാബു, മുതലായവരാണ്.
ആയതിനാല്‍ ജൂലൈ 7-ാം തീയതി ശനിയാഴ്ച എന്ന മാസ്മരിക സുദിനം നിങ്ങളുടെ ഡയറിത്താളുകളില്‍ പതിഞ്ഞങ്ങനെ കിടക്കട്ടെ.
യു.കെ.കെ.സി.എ. സെൻട്രൽ കമ്മറ്റിക്കുവേണ്ടി
സണ്ണി ജോസഫ് രാഗമാലിക
ജോ. സെക്രട്ടറി (UKKCA)