യു. കെ. കെ. സി. എ ക്രിസ്റ്റൽ ജൂബിലി കൺവൻഷൻറ്റെ പ്രധാന ആകർഷണമായിരുന്ന 101 വനിതകൾ അവതരിപ്പിച്ച മാർഗ്ഗം കളിക്ക് നേതൃത്വം കൊടുത്ത വിമൺസ് ഫോറം ഇത്തവണത്തെ കൺവൻഷനിൽ 'തനിമ തൻ നടനം ഒരു സർഗമായ്' എന്ന പേരിൽ അഞ്ഞൂറിലധികം ക്നാനായ അംഗങ്ങൾ പങ്കെടുക്കുന്ന മറ്റൊരു വ്യത്യസ്ത വിസ്മയവുമായി കടന്നുവരുന്നു.
യു. കെ ക്നാനായ കാത്തലിക്ക് വിമൺസ് ഫോറത്തിൻറ്റെ നേതൃത്വത്തിൽ നടത്തുന്ന 'നടന സർഗ്ഗം' പ്രവാസിമലയാളികളുടെ ഇടയിൽ ചരിത്രസംഭവമായി മാറും. മാർഗ്ഗം കളി, പരിചമുട്ടു കളി, തിരുവാതിര, ഒപ്പന എന്നീ കലാരൂപങ്ങൾ ക്നാനായ പാട്ടുകളോടൊപ്പം, അഞ്ഞൂറിലധികം വരുന്ന ക്നാനായ സമുദായാംഗങ്ങൾ ഫ്യുഷൻ രീതിയിൽ അവതരിപ്പിക്കുമ്പോൾ യു. കെ. കെ. സി. എ കൺവൻഷന് തിളക്കമേറും.
ഓരോ കലാരൂപങ്ങളുടെയും ഡാൻസ് വീഡിയോ പങ്കെടുക്കുന്ന എല്ലാവർക്കും അയച്ചുതരുന്നതായിരിക്കും. കൺവൻഷൻ ദിനത്തിലെ 'നടന സർഗ്ഗ'ത്തിനു മുന്നോടിയായി 2 ദിവസം പരിശീലനവും ഉണ്ടായിരിക്കും. ആദ്യ പരിശീലനം ജൂലൈ 1, ശനിയാഴ്ച്ച യു. കെ. കെ. സി. എ ആസ്ഥാനമന്ദിരത്തിൽ വച്ച് രാവിലെ 10 മണി മുതലായിരിക്കും. രണ്ടാമത്തെ പരിശീലനം, കൺവൻഷൻ ദിനത്തിൻറ്റെ തലേദിവസം, വെള്ളിയാഴ്ച്ച ഉച്ചകഴിഞ്ഞു 3 മണി മുതൽ 7 മണി വരെ ഇത്തവണത്തെ കൺവൻഷൻ അരങ്ങേറുന്ന ജോക്കി ക്ലബ് റേസ് കോഴ്സിൽ വച്ച് നടക്കും.
10 വയസ്സിനു മുകളിലുള്ള ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും ഒപ്പം മുതിർന്നവർക്കും 'നടനസർഗ്ഗ'ത്തിൽ പങ്കാളികളാകാം. ചരിത്രമായി മാറാൻ പോകുന്ന കൺവൻഷനോടൊപ്പം ഭാഗമായി മാറാൻ നിങ്ങൾക്കും ലഭിക്കുന്ന സുവർണ്ണാവസരമാണിത്. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ, യൂണിറ്റ് ഭാരവാഹികൾ മുഖാന്തിരം യു. കെ. കെ. സി. എ സെൻട്രൽ കമ്മിറ്റിക്ക് പേര് നൽകാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി വിമൺസ് ഫോറം പ്രതിനിധികളായ ലിറ്റി ജിജോ (07828424575), ജോമോൾ സന്തോഷ് (07833456034) എന്നിവരെ ബന്ധപ്പെടേണ്ടതാണ്.
- യു. കെ. കെ. സി. എ സെൻട്രൽ കമ്മിറ്റി.