Blog Details

കോട്ടയം ക്നാനായ അതിരൂപതയുടെ പ്രഥമ ആർച്ച്ബിഷപ് മാർ കുര്യോക്കോസ് കുന്നശേരി കാലം ചെയ്തു

ആർച്ച്ബിഷപ് മാർ കുര്യാക്കോസ് (88) കുന്നശേരി കാലം ചെയ്തു. സംസ്ക്കാരശുശ്രൂഷകൾ ഈ വരുന്ന ശനിയാഴ്ച്ച (17/06/17) നടക്കും. 39 വർഷം കോട്ടയം അതിരൂപതയ്ക്ക് ആത്മീയ നേതൃത്വം നൽകിയ മാർ കുന്നശേരിയുടെ ദേഹവിയോഗം വൈകുന്നേരം നാലിന് കാരിത്താസ് ആശുപത്രിയിലായിരുന്നു. 2005 മേയ് ഒൻപതിനു കോട്ടയം അതിരൂപതയായി ഉയർത്തപ്പെട്ടപ്പോൾ മാർ കുന്നശേരി പ്രഥമ ആർച്ച്ബിഷപ്പായി നിയമിതനായി. 2006 ജനുവരി 14നാണ് അതിരൂപതാ ഭരണത്തിൽ നിന്നും വിരമിച്ചത്.

1928 സെപ്റ്റംബർ 11ന് കടുത്തുരുത്തി ഇടവകയിൽ കുന്നശേരി ജോസഫ്-അന്നമ്മ ദമ്പതികളുടെ മൂത്ത പുത്രനായി ജനിച്ച കുര്യാക്കോസ് കോട്ടയം CNI LPS, കടുത്തുരുത്തി സെന്‍റ് . മൈക്കിൾസ്, കോട്ടയം SH മൗണ്ട് ഹൈസ്കൂളുകളിലും സ്കൂൾ പഠനം പൂർത്തിയാക്കി. കോട്ടയം തിരുഹൃദയക്കുന്ന് സെന്‍റ് സ്റ്റെനിസ്ലാവോസ് മൈനർ സെമിനാരിയിലും ആലുവ പൊന്തിഫിക്കൽ സെമിനാരിയിലും റോമിലെ പ്രൊപ്പഗാന്ത യൂണിവേഴ്സിറ്റിയിലുമായി വൈദിക പരിശീലനത്തിനുശേഷം 1955 ഡിസംബർ 21നു വൈദിക പട്ടം സ്വീകരിച്ചു. തുടർന്ന് റോമിൽ നിന്നു കാനോൻ നിയമത്തിലും സിവിൽ നിയമത്തിലും ഡോക്ടറേറ്റ് നേടി. അമേരിക്കയിലെ ബോസ്റ്റണ്‍ സർവകലാശാലയിൽ നിന്ന് പൊളിറ്റിക്സിൽ MA യും കരസ്ഥമാക്കി.

1967 ഡിസംബർ ഒൻപതിന് പോൾ ആറാമൻ മാർപാപ്പ കോട്ടയം രൂപതയുടെ പിൻതുടർച്ചാ അവകാശത്തോടുകൂടിയ സഹായമെത്രാനായി 39-ാം വയസിൽ അദ്ദേഹത്തെ നിയമിച്ചു. 1968 ഫെബ്രുവരി 24ന് 39-ാം വയസിൽ സഹായ മെത്രാനായി. 1974 മേയ് അഞ്ചിനു കോട്ടയം രൂപതാധ്യക്ഷനായി ചുമതലയേറ്റു. പൗരസ്ത്യ റീത്തുകൾക്കു വേണ്ടി മാത്രം 1992-ൽ പുറത്തിറക്കിയ കാനൻ നിയമസംഹിത ക്രോഡീകരിച്ച കമ്മീഷനിൽ അംഗമായി ജോണ്‍ പോൾ രണ്ടാമൻ മാർപാപ്പ മാർ കുന്നശേരിയെ നിയമിച്ചു.

ക്നാനായി തോമായുടെയും ഉറഹ മാർ യൗസേപ്പ് മെത്രാപ്പോലീത്തയുടെയും നേതൃത്വത്തിൽ മധ്യപൂർവദേശത്തു നിന്നും കേരളക്കരയിലേക്ക് കുടിയേറിയ ഏഴ് ഇല്ലങ്ങളിലെ 72 കുടുംബങ്ങളിൽപ്പെട്ട ക്നാനായ സമുദായത്തിന്‍റെ വളർച്ചയിൽ മാർ കുന്നശേരി അർപ്പിച്ച സേവനം സ്തുത്യർഹമാണ്. തെള്ളകത്ത് ചൈതന്യ പാസ്റ്ററൽ സെന്‍ററും അനുബന്ധ മന്ദിരങ്ങളും കോതനല്ലൂരിൽ തൂവാനിസ പ്രാർഥനാ മന്ദിരവും ഇദ്ദേഹമാണ് സ്ഥാപിച്ചത്. തെള്ളകം കാരിത്താസ് ആശുപത്രിയുടെ ഇക്കാലത്തെ വളർച്ചയ്ക്കും ഇതിനോടു ചേർന്ന് കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചു ഏറ്റവും മെച്ചപ്പെട്ട ചികിത്സയും ആശ്വാസവും ലഭ്യമാക്കുന്നതിലും പിതാവ് പ്രത്യേകം താത്പര്യം കാണിച്ചിട്ടുണ്ട്.

കാരിത്താസ് ആയുർവേദ ആശുപത്രി, കാരിത്താസ് നാച്വറോപ്പതി യോഗ സെന്‍റർ എന്നിവയുടെ സ്ഥാപകനാണ് മാർ കുര്യാക്കോസ് കുന്നശേരി. വല്ലന്പ്രോസിയൻ ബനഡിക്ടർ സഭ, ലിറ്റിൽ ഡോട്ടേഴ്സ് ഓഫ് ഒൗവർ ലേഡി ഓഫ് പ്രോവിഡൻസ്, ഡോട്ടേഴ്സ് ഓഫ് മോസ്റ്റ് പ്രഷ്യസ് ബ്ലഡ് തുടങ്ങിയ സന്യാസ സമൂഹങ്ങളുടെ സ്ഥാപനത്തിലും വളർച്ചയിലും പ്രധാന പങ്കുവഹിച്ചു. വടവാതൂർ പൗരസ്ത്യ വിദ്യാപീഠം വൈസ് ചാൻസലർ, പൗരസ്ത്യ സഭകളുടെ കൂട്ടായ്മയും സഹകരണവും ശക്തിപ്പെടുത്താൻ കത്തോലിക്കാ- ഓർത്തഡോക്സ്- യാക്കോബായ വിഭാഗങ്ങൾ തമ്മിലുള്ള എക്യുമെനിക്കൽ ഡയലോഗ് സമിതി അംഗം, കെസിബിസി സെക്രട്ടറി തുടങ്ങിയ പദവികൾ വഹിച്ചു.

- യു. കെ. കെ. സി. എ സെൻട്രൽ കമ്മിറ്റി.

Recent News