Blog Details

റാലിയിൽ മാഞ്ചസ്റ്ററിനെ ഫോട്ടോ ഫിനീഷിൽ പിന്തള്ളി ബിർമിങ്ഹാം; ഗ്രൂപ്പ് ബി യിൽ കിരീടം നിലനിർത്തി സ്റ്റോക്ക്-ഓൺ-ട്രെൻറ്റ്; ഗ്രൂപ്പ് എ യിൽ ഗ്ലോസ്റ്റർഷെയർ യൂണിറ്റ്

പതിനാറാമത് കൺവൻഷൻറ്റെ മുഖ്യ ആകർഷണമായിരുന്ന റാലി മത്സരത്തിൽ ബിർമിങ്ഹാം, സ്റ്റോക്ക്-ഓൺ-ട്രെൻറ്റ്, ഗ്ലോസ്റ്റർഷെയർ എന്നീ യൂണിറ്റുകൾ ഇത്തവണ വിവിധ ഗ്രൂപ്പുകളിലായി ജേതാക്കളായി. പങ്കെടുത്ത എല്ലാ യൂണിറ്റുകളും അത്യന്തം വീറും വാശിയോടും കൂടെയാണ് ഇത്തവണത്തെ റാലിയിൽ അണിനിരന്നത്. യൂണിറ്റംഗങ്ങളുടെ സജീവ പങ്കാളിത്തവും, അത്യധികമായ ആവേശവും കാരണം പ്രതീക്ഷിച്ചതിലും അൽപ്പം വൈകിയാണ് റാലി മത്സരം സമാപിച്ചത്.

അഭിവന്ദ്യ പിതാക്കന്മാർ, ബഹു: വൈദികർ, മറ്റ് വിശിഷ്ടാതിഥികൾ, സെൻട്രൽ കമ്മിറ്റി, വിമൺസ് ഫോറം, KCYL അംഗങ്ങൾ തുടങ്ങിയർ മുൻനിരയിൽ നിന്ന് റാലി നയിച്ചപ്പോൾ, അതിനു പിന്നിലായി അക്ഷരമാല ക്രമത്തിൽ ഓരോ യൂണിറ്റുകളും അണിനിരന്നു. ജോക്കി ക്ലബ് റേസ് കോഴ്സ് സെൻറ്ററിൻറ്റെ പവലിയനു മുന്നിലൂടെ നയനമനോഹരവും പ്രൗഢഗംഭീരവുമായ റാലി കടന്നുപോയപ്പോൾ അക്ഷരാർത്ഥത്തിൽ കുന്നശ്ശേരി നഗർ പ്രകമ്പനം കൊണ്ടു. ഒപ്പം ഒരോ ക്നാനായക്കാരൻറ്റെയും ആവേശം അണപൊട്ടി ഒഴുകി.

ഫാ. മാത്യു കട്ടിയാങ്കൽ, ഫാ. എബ്രാഹം പറമ്പേട്ട്, അബ്രാഹം നടുവത്തറ (തിരുവനന്തപുരം കെ. സി. സി പ്രസിഡൻറ്റ്, പ്രഥമ കെ. സി. സി (UAE) ചെയർമാൻ) എന്നിവരായിരുന്നു റാലിയുടെ വിധികർത്താക്കൾ. ഗ്രൂപ്പ് ബി & സി വിഭാഗത്തിലെ എവർ റോളിങ്ങ് ട്രോഫീസ് യഥാക്രമം സ്പോൺസർ ചെയ്തിരിക്കുന്നത് സിബി കണ്ടത്തിലും (മൂൺലൈറ്റ് ബെഡ്റൂംസ് & കിച്ചൻസ്), മാത്യു ജെയിംസുമാണ് (ഏലൂർ കൺസൾട്ടൻസി).

25 കുടുംബൾക്കു താഴെയുള്ള എ കാറ്റഗറിയിൽ കഴിഞ്ഞ വർഷത്തെ ജേതാക്കളായ കേറ്ററിങ് യൂണിറ്റിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി ആതിഥേയ യൂണിറ്റായ ഗ്ലോസ്റ്റർഷെയർ ജേതാക്കളായി. ഗ്ലോസ്റ്റർ യൂണിറ്റിൻറ്റെ പടുകൂറ്റൻ പായ്ക്കപ്പൽ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. അപ്രതീക്ഷിത പ്രകടനത്തോടെ ഈ വിഭാഗത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയത് ഈസ്റ്റ് ആംഗ്ലിയ യൂണിറ്റാണ്.

25-50 നും ഇടയിൽ കുടുംബങ്ങളുള്ള ബി കാറ്റഗറിയിൽ കഴിഞ്ഞ വർഷത്തെ ജേതാക്കളായ സ്റ്റോക്ക്-ഓൺ-ട്രെൻറ്റ് ഉജ്ജ്വല പ്രകടനത്തോടെ വീണ്ടും ജേതാക്കളായി. ലണ്ടൻ റീജിയൻറ്റെ ഭാഗങ്ങളായ സ്റ്റിവനേജ് യൂണിറ്റും നോർത്ത് വെസ്റ്റ് ലണ്ടൻ യൂണിറ്റുമാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തിയത്. സ്റ്റിവനേജ് യൂണിറ്റിൻറ്റെ ചെണ്ടമേളം എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റി.

ഏവരും ഉറ്റു നോക്കിയിരുന്ന 50 കുടുംബങ്ങൾക്കു മുകളിലുള്ള ഗ്രൂപ്പ് സി വിഭാഗത്തിൽ ഏഴോളം യൂണിറ്റുകൾ ആവേശത്തോടെ അണിനിരന്നപ്പോൾ, മത്സരഫലം പ്രവചനാതീതമായിരുന്നു. ഒടുവിൽ, ഫോട്ടോ ഫിനീഷിംഗിൽ മാഞ്ചസ്റ്ററിനെയും ലിവർപൂളിനെയും പിന്തള്ളി ബിർമിങ്ങ്ഹാം യൂണിറ്റ് ഒരിക്കൽക്കൂടി ട്രോഫിയിൽ മുത്തമിട്ടു. ഒരു ഇടവേളയ്ക്ക് ശേഷം പൂർണ്ണപ്രതാപത്തോടെ മടങ്ങിയെത്തിയ മാഞ്ചസ്റ്റർ യൂണിറ്റിൻറ്റെ റാലി കാണികളുടെ മുക്തകണ്ഠമായ പ്രശംസയേറ്റു വാങ്ങി. അതോടൊപ്പം എ കാറ്റഗറിയിൽ വിഗാൻ യൂണിറ്റും കാണികളുടെ കയ്യടി നേടി.

- യു. കെ. കെ. സി. എ സെൻട്രൽ കമ്മിറ്റി.

Recent News